Friday, 14 February 2014

യേശു മദ്യം ഉണ്ടാക്കിയില്ലേ?
പിന്നെ മദ്യപിക്കരുത് എന്ന് പറയുവാന്‍ എന്തവകാശം?

ഉത്തരം: യേശു ഒരിക്കലും മദ്യം ഉണ്ടാക്കിയില്ല. ആദ്യമേ മദ്യം എന്താണെന്നും വീഞ്ഞ് എന്താണെന്നും മനസിലാക്കണം. മദ്യത്തിന്‍റെ ഫലം ലഹരിയാണെങ്കില്‍ വീഞ്ഞിന്‍റെ ഫലം ലഹരിയല്ല. അത് മനുഷ്യന് ഗുണം ചെയ്യുന്നതാണ്. പക്ഷേ വീഞ്ഞ് അധികമായാല്‍ അത് മനുഷ്യന് മദ്യം പോലെ ദോഷം ചെയ്യുന്നതാണ്.  യെഹൂദന്‍മാരുടെ വിരുന്ന് ശാലയില്‍ വീഞ്ഞ് ഒരു പ്രധാന വിശിഷ്ട പാനീയമായി അത് അവരുടെ മഹിമയായിട്ടൊക്കെയാണ് അതിനെ വിളമ്പുന്നത്. ഈ സാഹചര്യത്തിലാണ് ഗലീലയിലെ കല്യാണ വിരുന്നില്‍ വീഞ്ഞു പോരാതെ വന്നത്. കല്യാണപന്തിയില്‍ ആഹാരം എല്ലാവര്‍ക്കും കൊടുക്കുവാന്‍ ഇല്ലെങ്കില്‍ അതില്‍ പരം നാണക്കേട് ആ കല്യാണകാര്യത്തില്‍ ഇല്ലല്ലോ?. ഇവിടെ വീഞ്ഞുമുഴുക്കാതെ വന്നതിനാല്‍ ഈ തരത്തിലുള്ള ഒരു നാണക്കേടിലേക്കാണ് ആ ഭവനം കടന്ന് പോയത്. ഈ സാഹചര്യത്തിലാണ്  യേശു ഒരു അത്ഭുതം ചെയ്യുവാന്‍ തുടങ്ങിയത്. കാരണം തന്‍റെ സാന്നിദ്ധ്യം ഉളളിടത്ത് പോരായ്മ ഉണ്ടാകാന്‍ പാടില്ല എന്നും യേശുവിനെ  ക്ഷണിക്കുവാന്‍ മനസ് കാണിച്ച ഭവനത്തിന് ഒരു അപമാനം ഉണ്ടാകാന്‍ പാടില്ല എന്നും യേശു ആഗ്രഹിച്ചു. ഇതിനോടൊപ്പം തന്നെ തന്‍റെ ദൈവത്വവും മഹത്വവും വെളിപ്പെടുത്തുവാന്‍ ലഭിച്ച സന്ദര്‍ഭവും ആയിരുന്നു. ഇതായിരുന്നു കാനാവിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയ പശ്ചാത്തലം.
      ചോദ്യകര്‍ത്താക്കളോട് ഒരു അനുബന്ധ ചോദ്യം. യേശു പച്ചവെള്ളം വീഞ്ഞാക്കി എന്ന് വിശ്വസിക്കുന്നുവോ? ഉണ്ടെങ്കില്‍ യേശുവിലെ ദൈവത്വത്തെ നിങ്ങള്‍ക്ക് ധൈര്യമായി വിശ്വസിക്കാം. ഇല്ലെങ്കില്‍ മുകളില്‍ ചോദിച്ചിരിക്കുന്ന ചോദ്യം വെറും തര്‍ക്കത്തിന് മാത്രം ഉപയോഗിക്കുവാന്‍ തെരെഞ്ഞെടുത്തതാണെന്ന് അനുമാനിക്കാം.
         എങ്കിലും ചോദ്യം ചോദിച്ച സ്ഥിതിക്ക് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്വം നിഷിപ്തമാ യിരിക്കുന്നത് കൊണ്ട് ക്ഷമയോടെ കേള്‍ക്കുക. യേശു പച്ചവെള്ളത്തെ വീഞ്ഞാക്കി. “വീഞ്ഞാക്കി തീര്‍ത്ത വെള്ളത്തെ വിരുന്ന് വാഴി രുചിച്ചു നോക്കിയാറെ മണവാളനെ വിളിച്ചു ചോദിച്ചു.എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ച ശേഷം ഇളപ്പമായതും കൊടുക്കാറുണ്ട്. നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വെച്ചുവല്ലോ എന്നു പറഞ്ഞു”(യോഹ.2:10). ശ്രദ്ധിക്കുക. വിരുന്ന് വാഴി രുചിച്ചു നോക്കിയാറെ യേശു വീഞ്ഞാക്കിയ പച്ചവെള്ളം നല്ല വീഞ്ഞ് എന്ന് പറഞ്ഞു. നല്ല വീഞ്ഞ് എപ്പോഴും നല്ല വീഞ്ഞ് തന്നെയാണല്ലോ. അത് ഒരിക്കലും മനുഷ്യന് ദോഷം വരുത്തുന്നതല്ല എന്ന് അര്‍ത്ഥം. എന്നാല്‍ നല്ല വീഞ്ഞ് ഒരു മനുഷ്യന്‍ അധികമായി കുടിച്ച് ആക്രാന്തം കാണിക്കുമ്പോഴാണ് അത് ലഹരിയിലേക്ക് മനുഷ്യന്‍ വഴുതുന്നത്. യേശു വീഞ്ഞ് ഉണ്ടാക്കിയത്  ഒരിക്കലും ഇപ്രാകാരം മനുഷ്യന്‍ ആക്രാന്തം കാണിച്ച് ലഹരിപിടിക്കുവാനല്ല മറിച്ച് ക്ഷണിക്കപ്പെട്ടവര്‍ക്ക് മാന്യമായും മിതമായും ഉപയോഗിക്കുവാന്‍ വേണ്ടിയാണ് വീഞ്ഞ് ഉണ്ടാക്കിയത്. ഉറക്ക ഗുളിക ഉറക്കമില്ലാത്തവന് അരമുറി കഴിച്ചാല്‍ സുഖനിദ്ര കിട്ടും. അതിന് വേണ്ടിയാണ് കമ്പനി ഉണ്ടാക്കിയത്. പക്ഷേ മനുഷ്യന്‍ മരിക്കാന്‍ വേണ്ടി വാരി വലിച്ച് കഴിച്ചാല്‍ മരിക്കും. പക്ഷേ അത് കമ്പനിയുടെ കുഴപ്പമല്ലല്ലോ. കമ്പിനി മനുഷ്യന്‍റെ ഗുണത്തിന് വേണ്ടി ഉണ്ടാക്കിയതല്ലേ. പക്ഷേ മനുഷ്യന്‍ ദുരുപയോഗം ചെയ്യുന്നതിനാല്‍ അതിന്‍റെ ദോഷം വശം അനുഭവിക്കും. പഴഞ്ചൊല്ല് എന്തു പറയുന്നു? അധികമായാല്‍ അമൃതും വിഷമാണ്. എന്ന് വിചാരിച്ച് അമൃത് മോശം അല്ലല്ലോ. അത് അധികമാവുമ്പോഴാണ് മോശമാകുന്നുത്. എന്നത് പോലെ യേശു വീഞ്ഞാക്കിയ പച്ചവെള്ളം നല്ല വീഞ്ഞ് തന്നെയാണ്. പക്ഷേ മനുഷ്യന്‍റെ അധികപാനം ലഹരിയിലേക്ക് നയിക്കുന്നു.  ഇത് യേശുവിന്‍റ കുഴപ്പമല്ല. യേശു മനുഷ്യന്‍ ലക്ക് കെടുന്നത് വരെ കുടിച്ച് മത്തനാകാന്‍ വേണ്ടിയല്ല പച്ചവെള്ളത്തെ വീഞ്ഞാക്കിയത് മറിച്ച് വിരുന്നിനോട് അല്പം വീഞ്ഞ് കൊടുത്ത് വിരുന്ന സദ്യ പൂര്‍ണ്ണമാക്കണമെന്നാണ് യേശു ആഗ്രഹിച്ചത്. ദൈവം മനുഷ്യനെ നല്ലവരായിട്ടാണല്ലോ സൃഷ്ടിച്ചത്. ബൈബിള്‍ പറയുന്നു അവന്‍ അനേക സൂത്രങ്ങളുടെ പിന്നലെ പോയി പാപിയായി മാറി. ഇത് ദൈവത്തിന്‍ ദോഷമല്ലല്ലോ. ദൈവം നല്ലവന്‍, മനുഷ്യനും നല്ലവന്‍. പക്ഷേ പാപത്തിന്‍റെ പിന്നാലെയുള്ള പാച്ചിലാണ് മനുഷ്യനെ പാപിയാക്കിമാറ്റിയത്. അപ്പോഴും ദൈവം നല്ലവനും വിശ്വസ്തനുമായിരിക്കുന്നു. അതുപോലെ പച്ചവെള്ളത്തെ വീഞ്ഞാക്കിയ യേശു നല്ലവന്‍, അവന്‍ വിശ്വസ്തന്‍. അധികം പാനം ചെയ്ത് ലഹരികെട്ട മനുഷ്യനാണ് ദോഷം ചെയ്തത്. അതുകൊണ്ട് യേശുക്രിസ്തു വ്യക്തമായി പഠിപ്പിക്കുന്നു. മദ്യപാനി ദൈവരാജ്യം അവകാശമാക്കുകയില്ല. വീഞ്ഞ് കുടിച്ച് മത്തനാകരുത്.

No comments:

Post a Comment